Welcome to Secutronix

സി.സി.ടി.വി ഡിറ്റക്ഷൻ ടെക്‌നിക്കുകൾ

ഇന്ന് വീടുകളുടെയും, ഓഫീസുകളുടെയും മറ്റും സുരക്ഷയെ പറ്റി ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന സാങ്കേതിക വിദ്യയാണ് സി.സി.ടി.വി അഥവാ ക്ലോസ്‌ഡ്‌ സർക്യൂട്ട് ടെലിവിഷൻ. ക്ലോസ്‌ഡ്‌ സർക്യൂട്ട് സാങ്കേതിക വിദ്യയിൽ നിന്നെല്ലാം വളർന്ന് ക്ലൗഡിലേക്കെത്തി നിൽക്കുകയാണെങ്കിലും ഇന്നും വീഡിയോ സർവെയ്‌ലൻസ് സാങ്കേതിക വിദ്യ മുതു മുത്തച്ഛനായ സിസിടിവിയുടെ പേരിൽ തന്നെ അറിഞ്ഞു പോരുന്നു. പുതിയ ഒരു സിസിടിവി സംവിധാനം വാങ്ങിക്കുമ്പോൾ എങ്ങിനെയൊക്കെയാണ് അത് നമുക്ക് സുരക്ഷയേകുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എത്രത്തോളം കുറഞ്ഞ വിലക്ക് കിട്ടി എന്നതിനേക്കാളും എന്തൊക്കെ സംവിധാനങ്ങൾ നമ്മൾ മുടക്കുന്ന പണത്തിനു ലഭിക്കുന്നു എന്നതായിരിക്കണം ഒരു സുരക്ഷാ സംവിധാനം വാങ്ങിക്കുമ്പോഴുള്ള മുൻഗണന.

സാധാരണ ഒരു സിസിടിവി ക്യാമറ ചെയ്യുന്നത് അതിന് കാണാനാവുന്ന ഒരു നിശ്ചിത പ്രദേശത്തിന്റെ വീഡിയോ ഒരു റെക്കോർഡറിലേക്കു എത്തിക്കലാണ്. അത് കൊണ്ട് മാത്രം ഒരു കുറ്റകൃത്യത്തെ തടയാൻ ആവില്ല എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത് എന്തെങ്കിലും സംഭവം അല്ലെങ്കിൽ ഒരു കുറ്റകൃത്യം ക്യാമറയിൽ പതിഞ്ഞാൽ അത് റെക്കോർഡ് ചെയ്യപ്പെടുന്നു എന്ന ഒരു കാര്യം മാത്രമേ നടക്കുന്നുള്ളൂ. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു സിസിടിവി സംവിധാനം ഉപയോഗിച്ച് എന്തെങ്കിലും കുറ്റകൃത്യത്തിന് തടയിടാൻ സാധിക്കണമെങ്കിൽ ക്യാമറകളിൽ നിന്നുള്ള വീഡിയോ തത്സമയം നിരീക്ഷിക്കാനുള്ള ഒരു സംവിധാനം കൂടി അത്യാവശ്യമാണ്. ഇത്തരത്തിൽ തത്സമയ നിരീക്ഷണം പ്രായോഗികമല്ലാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വളരെ ഉപകാരപ്രദമായ ഒരു സാങ്കേതിക വിദ്യയാണ് മോഷൻ ഡിറ്റക്ഷൻ. മോഷൻ ഡിറ്റക്ഷൻ സംവിധാനമുള്ള സിസിടിവി ക്യാമറകൾ അത് റെക്കോർഡ് ചെയ്യുന്ന പ്രദേശങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള ചലനങ്ങൾ ഉണ്ടാകുമ്പോൾ മുൻപേ ക്രമീകരിച്ചിരിക്കുന്ന രീതിയിലുള്ള ഏതെങ്കിലും ഒരു വാണിങ്ങ് നമുക്ക് നൽകും. നമ്മുടെ സിസിടിവി സംവിധാനവുമായി ഒരു സൈറൺ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരു പ്രത്യേക ശബ്ദം ആ സൈറൺ വഴി പുറപ്പെടുവിക്കുക, അല്ലെങ്കിൽ സേവ് ചെയ്തു വെച്ചിരിക്കുന്ന ഒരു ഇമെയിൽ അഡ്രസിലേക്ക് ഒരു വാണിങ്ങ് ഇമെയിൽ അയക്കുക മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

വിവിധ സിസിടിവി സംവിധാനങ്ങൾ അവയുടെ ദൃഷ്ടി മണ്ഡലത്തിലുള്ള ചലനങ്ങൾ തിരിച്ചറിയുന്നത് വ്യത്യസ്‌ത സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്. പി.ഐ.ആർ, കമ്പ്യൂട്ടർ വിഷൻ എന്നിവയാണ് ഇത്തരം ആവശ്യങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കപ്പെടുന്ന രണ്ട് സാങ്കേതിക വിദ്യകൾ. പാസ്സീവ് ഇൻഫ്രാറെഡ് അഥവാ പി.ഐ.ആർ സെൻസറുകൾ ചലനം തിരിച്ചറിയുന്നത് വിവിധ വസ്തുക്കൾ പുറത്തു വിടുന്ന ഇൻഫ്രാറെഡ് റേഡിയേഷൻ വഴിയാണ്. എന്നാൽ കമ്പ്യൂട്ടർ വിഷൻ കുറച്ചു കൂടി സങ്കീർണമായ പ്രക്രിയകൾ ഉപയോഗിച്ചാണ് ചലനങ്ങളെ കണ്ടെത്തുന്നത്. ഒരു വീഡിയോയിലെ രണ്ടു വ്യത്യസ്ത സമയങ്ങളിലെ ചിത്രങ്ങളെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് താരതമ്യം ചെയ്തു അതിലേതെങ്കിലും വസ്തുവിന്റെ സ്ഥാനത്തിന് വ്യത്യാസം വരുന്നുണ്ടോ എന്ന് തുടർച്ചായി പരിശോധിക്കുന്നതിലൂടെയാണ് കമ്പ്യൂട്ടർ വിഷൻ ആ വസ്തു ചലിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്.

ഈ സാങ്കേതിക വിദ്യകൾക്കെല്ലാം അവയുടേതായ ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ശരീരം പുറത്തു വിടുന്ന താപവികിരണങ്ങൾ വഴി പ്രവർത്തിക്കുന്നത് കൊണ്ട് പി.ഐ. ആർ സെൻസറുകൾ പൊതുവെ കൃത്യതയാർന്ന പ്രകടനം കാഴ്ച്ച വെക്കുന്നു. ഉദാഹരണത്തിനു ഒരു കർട്ടൻ കാറ്റിൽ ഇളകിയാലും ഈ സെൻസറുകൾ അത് ഡിറ്റക്ട് ചെയ്യില്ല. എന്നാൽ ഒരു ഗ്ലാസ് ജനലിനോ ഡോറിനോ അപ്പുറത്തുള്ള വസ്തുവിനെ കാണാൻ കഴിയുമെങ്കിലും അതിന്റെ താപ വികിരണങ്ങൾ അളക്കാൻ ഇവക്ക് കഴിയില്ല. അതു കൊണ്ടു തന്നെ ഇത്തരം ചുറ്റുപാടുകളിൽ വസ്തുക്കളുടെ ചലനം കണ്ടു പിടിക്കാൻ ഇവ അപര്യാപ്തമാണ്.

കമ്പ്യൂട്ടർ വിഷൻ ഉപയോഗിച്ച് ഇത്തരം പരിമിതികളെ നമുക്ക് മറികടക്കാൻ സാധിക്കും. എന്നാൽ ഇത് വളരെ സങ്കീർണമായ ഒരു പ്രക്രിയ ആയതു കൊണ്ട് തന്നെ അതിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളും ഹാർഡ്‌വെയറും നല്ല ക്വാളിറ്റിയുള്ളതായിരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഫാൾസ് അലാമുകൾക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. പെട്ടെന്നു ലൈറ്റ് ഓണാവുകയോ ഓഫാവുകയോ ചെയ്യുമ്പോൾ അത് മോഷൻ ആയി ഡിറ്റക്ട് ചെയ്യുക, ഫാൻ കറങ്ങുമ്പോൾ ഉണ്ടാകുന്ന നിഴലിന്റെ ചലനം ഡിറ്റക്ട് ചെയ്യുക എന്നിവ ചില ഉദാഹരണങ്ങളാണ്.

ഇത്തരം ഫാൾസ് അലാമുകളാണ് സെക്യൂരിറ്റി ക്യാമറകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഒരു വലിയ പോരായ്മ. ഏതാനും ഫാൾസ് അലാം നോട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ മിക്കവാറും ഉപഭോക്താക്കളും മോഷൻ ഡിറ്റക്ഷൻ സംവിധാനം തന്നെ വേണ്ടെന്നു വെക്കുന്ന സ്ഥിതിയാണ് പൊതുവെ കണ്ടു വരുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും അനന്ത സാധ്യതകളിലേക്ക് സെക്യൂരിറ്റി മേഖലയും കടന്നു വന്നതോടെ വലിയ പുരോഗതികളാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. മോഷൻ ഡിറ്റക്ഷനിൽ നിന്നും ഇന്ന് ഹ്യൂമൻ ഡിറ്റക്ഷനിലേക്കും ഫേസ് ഡിറ്റക്ഷനിലേക്കും എത്തി നിൽക്കുകയാണ് സെക്യൂരിറ്റി മേഖല. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഇന്ന് വളരെ വ്യക്തമായി തന്നെ മനുഷ്യരെ മറ്റു വസ്തുക്കളിൽ നിന്നും തരം തിരിച്ചു മനസ്സിലാക്കുന്ന ഹ്യൂമൻ ഡിറ്റക്ഷനും അതിൽ തന്നെ ഓരോ വ്യക്തിയെയും അവരുടെ മുഖം കണ്ടു തിരിച്ചറിയുന്ന ഫേസ് ഡിറ്റക്ഷനുമാണ് ഇന്ന് സെക്യൂരിറ്റി മേഖലയിലെ ട്രെൻഡ്. ഹ്യൂമൻ ഡിറ്റക്ഷൻ ഉപയോഗിക്കുന്നതിലൂടെ ഫാൾസ് അലാം പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനും വളരെ കൃത്യമായ നോട്ടിഫിക്കേഷനുകളും വാണിങ്ങുകളും നൽകാനും സെക്യൂരിറ്റി ക്യാമറകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും സാധിക്കും. അതു പോലെ തന്നെ ഫേസ് ഡിറ്റക്ഷൻ ഉപയോഗിച്ച് ഓരോ വ്യക്തിയെയും തിരിച്ചറിയാനും തിരിച്ചറിയാത്ത വ്യക്തികളെ കുറിച്ച് കൃത്യമായ വാണിങ്ങ് നൽകാനും സാധിക്കും. ഇത്തരം സംവിധാനങ്ങൾക്ക് സംശയാസ്പദമായ അല്ലെങ്കിൽ അസാധാരണമായ പ്രവർത്തികളെയും ശബ്ദങ്ങളെയും വരെ മനസ്സിലാക്കാനും അതിനനുസരിച്ചുള്ള നോട്ടിഫിക്കേഷൻ നൽകാൻ സാധിക്കുകയും ചെയ്യും. കുഞ്ഞുങ്ങളുടെ കരച്ചിൽ തിരിച്ചറിയുന്നവ, പ്രായമായവരെ മോണിറ്റർ ചെയ്യുന്നവ, വളർത്തു മൃഗങ്ങളെ മോണിറ്റർ ചെയ്യുന്നവ തുടങ്ങി വിവിധ തരാം ക്യാമറകളാണ് ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്.

Open chat