Welcome to Secutronix

Cart

Your Cart is Empty

Back To Shop

ആമസോൺ സൈഡ്-വാക്

സ്മാർട്ട് ഹോം പ്രൊഡക്ടുകൾ വലിയ തോതിൽ ജനശ്രദ്ധയാകാർഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കഴിഞ്ഞ ഒരു ദശാബ്‌ദം കൊണ്ട് ഫീച്ചർ ഫോണുകളിൽ നിന്നും സ്മാർട്ട് ഫോണിലേക്കുണ്ടായ പരിണാമം പോലെ, ഇന്ന് ടെക്‌ ലോകത്തു നടന്നു കൊണ്ടിരിക്കുന്ന ഒരു നിശബ്ദ മാറ്റമാണ് സ്മാർട്ട് ഹോമുകൾ. ഒരു പാട് ബ്രാൻഡുകൾ ഇന്ന് ഈ മേഖലയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയുമാണ്.

ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് അഥവാ ഐ.ഒ.ടി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്ഥിക്കുന്നവയാണ് സ്മാർട്ട് ഹോം ഉത്പന്നങ്ങൾ. ബ്ലൂടൂത്ത്, വൈ-ഫൈ, ആർ.എഫ്, സിഗ്‌ബീ, ലൈ-ഫൈ തുടങ്ങി നിരവധി ടെക്നോളജികളാണ് ഇത്തരം ഉപകരണങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. മേൽപറഞ്ഞ സാങ്കേതികവിദ്യകളെല്ലാം ഉപയോഗത്തിലുണ്ടെങ്കിലും ഇവയിൽ പലതും കവറേജ് ഏരിയ, ബാൻഡ് വിഡ്ത്ത്, ഊർജ ഉപഭോഗം തുടങ്ങിയ മേഖലകളിൽ ഒരുപാട് പരിമിതികളുള്ളവയാണ്.

ഇത്തരമൊരു അവസരത്തിലാണ് ആമസോൺ സൈഡ് വാക് എന്ന തങ്ങളുടെ പുതിയ പ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്. ലൈസൻസ് ആവശ്യമില്ലാത്ത 900 MHz ബാന്റിലുള്ള സ്പെക്ട്രം ആണ് ഈ പുതിയ ആശയവിനിമയ സാങ്കേതികവിദ്യക്കായി അവർ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അമച്വർ റേഡിയോ അഥവാ ഹാം റേഡിയോ പോലെയുള്ളവയുടെ ഉപയോഗത്തിനായി നീക്കി വെച്ചിരിക്കുന്ന ഒരു സ്പെക്ട്രം ആണ് 900MHz ബാൻഡ്. കുറഞ്ഞ ബാൻഡ് വിഡ്ത്തും കൂടുതൽ ദൂരത്തേക്ക് ലഭിക്കുന്ന റേഞ്ചുമാണ് ഈ സിഗ്നലുകളുടെ സവിശേഷത. സ്മാർട്ട് ഹോം ഉത്പന്നങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ബാൻഡ് വിഡ്ത്തിന്റെ ആവശ്യം ഇല്ല താനും. അതുകൊണ്ടു തന്നെ ഇപ്പോൾ നിലവിലുള്ള ബ്ലൂടൂത്ത്, വൈ-ഫൈ, സിഗ്‌ബീ പോലെയുള്ള റേഞ്ച് കുറഞ്ഞ സിഗ്നലുകൾക്ക് പകരമായി ഈ സ്പെക്ട്രം ഉപയോഗിക്കുന്നത് 500 മീറ്റർ മുതൽ 1600 മീറ്റർ വരെ റേഞ്ച് ലഭ്യമാക്കുവാൻ സഹായിക്കും. കൂടാതെ ആമസോണ് സൈഡ്-വാക് അവതരിപ്പിച്ചിരിക്കുന്നത് മെഷ് നെറ്റ്-വർക്കിങ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ്. മെഷ് നെറ്റിന്റെ പ്രത്യേകത എന്നു പറയുന്നത് അതിലുള്ള ഓരോ ഉപകരണങ്ങൾക്കും പരസ്പരം ആശയവിനിമയം ചെയ്യാൻ കഴിയും എന്നുള്ളതാണ്. അതു കൊണ്ട് തന്നെ കൂടുതൽ റേഞ്ച് ലഭിക്കുവാൻ അക്സസ്സ് പോയിന്റുകളോ എക്സ്റ്റന്ററുകളോ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ആമസോൺ പരീക്ഷണാടിസ്ഥാനത്തിൽ 700 സൈഡ്-വാക് ഉപകരണങ്ങൾ തങ്ങളുടെ ജോലിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി നൽകുകയുണ്ടായി. തുടർന്ന് നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം വെറും മൂന്ന് ആഴ്ച കൊണ്ട് ലോസ് ഏയ്ഞ്ചൽസ് നഗരം മുഴുവൻ ഒരു മെഷ് നെറ്റിന് കീഴിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നു കണ്ടെത്തി. അനന്തമായ സാധ്യതകളിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. സ്മാർട്ട് ഹോം പ്രോജക്ടുകൾ മാത്രമല്ല, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ വരെ ഈ സാങ്കേതിക വിദ്യയിലേക്ക് ഭാവിയിൽ എത്തിക്കാൻ സാധിക്കും.

ഇപ്പോൾ ആമസോൺ പരീക്ഷനാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് വളർത്തു മൃഗങ്ങൾക്ക് വേണ്ടിയുള്ള ഫെച്ച്‌ എന്ന ട്രാക്കിങ്ങ്‌ ഡിവൈസ് ആണ്. ഭാവിയിൽ എല്ല മേഖലകളിലേക്കും ഈ സാങ്കേതിക വിദ്യ ഉൾക്കൊള്ളിക്കാനാകുമെന്നാണ് ആമസോൺ പ്രതീക്ഷിക്കുന്നത്. ഡവലപർമാരുടെ പിന്തുണ, വരാനിരിക്കുന്ന 5ജി, വൈ-ഫൈ 6 സാങ്കേതിക വിദ്യകളുമായി മത്സരിക്കാനുള്ള ശേഷി എന്നിവയായിരിക്കും സൈഡ്-വാക്കിന്റെ ഭാവി നിശ്ചയിക്കുന്നത്.

Cart

Your Cart is Empty

Back To Shop